17/05/2026
ബഹുമാനപ്പെട്ട തിരുവല്ല നിയുക്ത എം.എൽ.എയ്ക്ക്,
കേരളത്തിന്റെ പ്രിയങ്കരനായ നിയുക്ത മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ നയിക്കുന്ന പുതിയ സർക്കാരിൽ, തിരുവല്ലയുടെ ജനപ്രതിനിധിയായി അങ്ങേക്ക് ലഭിച്ച ഉത്തരവാദിത്വത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.
തിരുവല്ലയുടെയും മല്ലപ്പള്ളിയുടെയും ജനങ്ങളുടെ ആവശ്യങ്ങളും വികസന സ്വപ്നങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി, പ്രദേശത്തിന്റെ സമഗ്ര പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ.
പ്രത്യേകിച്ച് താഴെപ്പറയുന്ന വിഷയങ്ങളിൽ അങ്ങയുടെ പ്രത്യേക ശ്രദ്ധയും പിന്തുണയും വിനീതമായി അഭ്യർത്ഥിക്കുന്നു:
1. തിരുവല്ല – മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡിന്റെ നവീകരണം.
അമ്പലപ്പുഴ – തിരുവല്ല – മല്ലപ്പള്ളി – ചേലക്കൊമ്പ് – നെടുംകുന്നം – കങ്ങഴ – വാഴൂർ വഴി കുമളിയിലേക്കുള്ള പ്രധാന പാതയായി ഈ റോഡ് വികസിപ്പിക്കാവുന്നതാണ്. ( )നിർദിഷ്ട മണിമല – എരുമേലി വിമാനത്താവള മേഖലയിലേക്കുള്ള പ്രധാന ബന്ധപാതയായും ഇതിന് വലിയ സാധ്യതയുണ്ട്. ചരിത്രപ്രാധാന്യമുള്ള തിരുവല്ല – മല്ലപ്പള്ളി പഴയ രാജപാതയുടെ വികസനം പ്രദേശത്തിന്റെ പുരോഗതിക്ക് സഹായകരമാകും.
2. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ വികസനം.
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുകയും ആശുപത്രിയുടെ പിൻവശ റോഡ് വികസിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അണിമ – കൈപ്പറ്റ ബ്ലോക്ക് റോഡ് വഴി ചെരൂർ റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് വികസനം വെള്ളപ്പൊക്കം പോലെ അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും വലിയ സഹായമാകും.
3. മല്ലപ്പള്ളിയിൽ പുതിയ ഫയർ & റെസ്ക്യൂ സ്റ്റേഷൻ അനുവദിക്കുക.
മല്ലപ്പള്ളിയിൽ നിന്ന് നിലവിലുള്ള പ്രധാന ഫയർ സ്റ്റേഷനുകളിലേക്കുള്ള ദൂരം കൂടുതലായതിനാൽ അടിയന്തര സാഹചര്യങ്ങളിൽ പ്രതികരണ സമയം വൈകുന്നു. ( )അതിനാൽ, പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂബ റെസ്ക്യൂ സൗകര്യങ്ങളോടുകൂടിയ ഒരു പുതിയ ഫയർ & റെസ്ക്യൂ സ്റ്റേഷൻ മല്ലപ്പള്ളിയിൽ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
4. മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണം.
മല്ലപ്പള്ളി തിരുവല്ല, എരുമേലി, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശ്ശേരി, കോഴഞ്ചേരി, പത്തനംതിട്ട മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ്. ഇവിടെ കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരിക്കുകയും കൂടുതൽ സർവീസുകൾ ആരംഭിക്കുകയും ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും പൊതുജനങ്ങൾക്കും വലിയ ആശ്വാസമാകും.
5. പാർക്കുകളും പൊതുസൗകര്യങ്ങളും വികസിപ്പിക്കുക.
തിരുവല്ലയിലെ പബ്ലിക് പാർക്ക് നവീകരിച്ച് പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുകയും, മല്ലപ്പള്ളിയിൽ ഒരു പുതിയ പാർക്ക് നിർമ്മിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ, മല്ലപ്പള്ളി എസ്.എൻ.ഡി.പി മുതൽ മഞ്ഞത്താനം വരെയുള്ള റോഡ് മനോഹരമായി മണർകാട് നാലുമണി കാറ്റ് പോലെ വികസിപ്പിക്കുന്നതും പരിഗണിക്കാവുന്നതാണ്.
ഇത്തരം പദ്ധതികൾ കുട്ടികൾക്കും കുടുംബങ്ങൾക്കും ആരോഗ്യകരവും സൗഹൃദപരവുമായ പൊതുസൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം, പ്രദേശത്തിന്റെ ടൂറിസം സാധ്യതകളും വർധിപ്പിക്കാൻ സഹായകരമാകും.
കല്ലൂപ്പാറ അസംബ്ലി മണ്ഡലം ഇല്ലാതായതോടെ വികസനപരമായി പിന്നോക്കം പോയ മല്ലപ്പള്ളിക്ക് കൂടുതൽ സർക്കാർ പരിഗണന ലഭിക്കേണ്ടത് അത്യാവശ്യമാണ്. ) സമീപ പ്രദേശങ്ങൾ വേഗത്തിൽ വികസിക്കുമ്പോൾ, മല്ലപ്പള്ളിയും അർഹിക്കുന്ന വികസനത്തിലേക്ക് ഉയരണമെന്നത് നാട്ടുകാരുടെ ആത്മാർത്ഥമായ ആഗ്രഹമാണ്.
മുകളിലെ ആവശ്യങ്ങൾ അങ്ങയുടെ പ്രത്യേക ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,
സ്നേഹപൂർവ്വം,
മല്ലപ്പള്ളി നിവാസികൾ