11/06/2023
❤️ അച്ഛൻ
ഇനി ഓർമ മാത്രം.
മഹത്തായ പൈതൃകം
അവശേഷിപ്പിച്ച്
അച്ഛൻ വിട വാങ്ങി .
ഒരു വലിയ തണല്‍മരമാണ് വീണത്.അച്ഛനെന്ന തണല്‍മരം.
ഒരിക്കല്‍ മാത്രം മുളക്കുകയും വേരുറക്കുകയും പടര്‍ന്നു പന്തലിക്കുകയും പിന്നീട് നിപതിക്കുകയും ചെയ്യുന്ന വംശവൃക്ഷം.
അതിന്‍റെ ശീതളിമയും നിശ്വാസവും ഏറ്റവന്‍ ഞാനും കുടുംബവും മാത്രമായിരുന്നില്ല.വിളയൂരിലെ ജനത ഒന്നടങ്കമായിരുന്നു.ആ തണലിലേക്ക് രക്ഷ തേടി വന്നവര്‍ നിരവധിയാണ്.
അക്ഷീണമായ ജീവിതോത്സാഹവും അസാധാരണമായ ഇച്ഛാശക്തിയും അദ്ദേഹത്തില്‍ ഞാന്‍ കണ്ടു.പലതും ഉള്‍ക്കൊണ്ടു.
മനുഷ്യസ്നേഹത്തിലുള്‍ക്കൊണ്ടതായിരുന്നു എല്ലാ കര്‍മമേഖലയും.
അതിലപ്പുറം ഒരു വാക്കുകൊണ്ടും
നിര്‍വ്വചിക്കാനാവുന്നതല്ല ആ ജീവിതത്തെ.
അച്ഛനുള്ളിൽ മഹാനായൊരു ഹ്യൂമനിസ്റ്റ് ഉണ്ടായിരുന്നു. 78വര്‍ഷമാണ് അച്ഛന്‍റെ ജീവിതം തുടര്‍ന്നത്. മറ്റുള്ളവര്‍ക്കു വേണ്ടിയായിരുന്നു സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ചത്.
ബാല്യകാലത്ത് കടുത്ത ദാരിദ്ര്യത്തിന്‍റെയും യാതനകളുടെയും പ്രതിസന്ധികളുടെയും പാതകള്‍ താണ്ടിയായിരുന്നു ജീവിതം.
ദാരിദ്ര്യത്തിന്‍റെ ആ കയങ്ങളില്‍ നിന്നപ്പോള്‍ പോലും തന്‍റെ ചുറ്റുപാടിലുമുള്ളവര്‍ക്ക് നന്മ കൊണ്ടുവരാന്‍ ശ്രമിച്ചു.അവരുടെ ആകുലതകള്‍ക്കും വിഷമങ്ങള്‍ക്കും ഒപ്പം നിന്നു.
ചെറുപ്പത്തില്‍ ഞാന്‍ കണ്ടു വളര്‍ന്നത് തറവാട്ടു മുറ്റത്ത് വന്നെത്തുന്ന ആളുകളുടെ വിവിധ അവസ്ഥകളാണ്.
അവരെ വാക്കുകള്‍ കൊണ്ട്
അച്ഛൻ സമാശ്വസിപ്പിച്ചു.
സ്നേഹം കൊണ്ട് തലോടി.എല്ലാ പ്രതിസന്ധികളിലും അവർക്കൊപ്പം നിന്നു.
ഓരോ കുടുംബത്തിന്‍റെയും വ്യക്തികളുടെയും പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമായിരുന്നു അച്ഛൻ .
ആത്മബന്ധങ്ങളുടെയും ആജീവനാന്ത പരിചയങ്ങളുടെയും വലിയ വലയം അച്ഛനെ പുണര്‍ന്നു നിന്നു.
ബന്ധങ്ങളുടെ ആഴങ്ങളിലൂടെ നാടിന്‍റെ ജനകീയ നേതാവായി.
കോട്ടയില്‍ തറവാട് പ്രശ്ന പരിഹാര വേദിയായി മാറി.
സകല തര്‍ക്കങ്ങള്‍ക്കും അവിടെ തീര്‍പ്പു കല്‍പ്പിക്കപ്പെട്ടു.
എല്ലാ തര്‍ക്കങ്ങളുടെയും കുരുക്കഴിച്ചു അച്ഛന്‍.
മനുഷ്യരുടെ കണ്ണീരൊപ്പുന്നതില്‍ കവിഞ്ഞ പൊതുപ്രവര്‍ത്തനമായിരുന്നില്ല അച്ഛന്‍റേത്.
പറയാന്‍ കരുതിവെച്ചതൊക്കെ പറയാതെയാണ് ഇപ്പോള്‍ അച്ഛന്‍ ഞങ്ങളെ വിട്ടൊഴിഞ്ഞു പോയത്.
വേദനയാണ്.
മനസ്സു വിങ്ങുന്ന വേദന.
ഇന്നലെ അച്ഛന്‍റെ ഭൗതിക ദേഹം മണ്ണില്‍ ലയിച്ചു ചേരുമ്പോള്‍ കരയാതിരിക്കാനാവുമായിരുന്നില്ല.ആ നിമിഷത്തില്‍ കരയാതെ എങ്ങനെയാണ് സ്വയം ആശ്വസിക്കാനാവുക?
മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അച്ഛന് കാൻസർ രോഗം സ്ഥിരീകരിച്ചത്.എറണാകുളം ലേക് ഷോർ ആസ്പത്രിയില്‍ ഡോ.വി.പി.ഗംഗാധരന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ചികിത്സ.ചെക്കപ്പും ടെസ്റ്റുകളും ഒക്കെയായി എറണാകുളത്തേക്ക് നിരന്തര യാത്രകള്‍.അതിന്റെ തുടര്‍ച്ചയായി ധാരാളം മെഡിക്കല്‍ ഒപ്പീനിയനുകളും.
മൂന്നു വര്‍ഷത്തെ ചികിത്സ അച്ഛന്‍റെ ദിനചര്യകളിലോ ഭക്ഷണരീതികളിലോ മാറ്റം വരുത്തിയിരുന്നില്ല.അലോപ്പതി മരുന്നുകള്‍ അധികം കഴിച്ചു ശീലമില്ലാഞ്ഞിട്ടും പിന്നീട് അതിനോട് പൊരുത്തപ്പെടുകയായിരുന്നു പതുക്കെ പതുക്കെ.
ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ അച്ഛന്‍ പ്രകൃതി ജീവനം ശീലിച്ചിരുന്നു.അതിനാല്‍ മിതമായ ഭക്ഷണം വ്യായാമം,യോഗ എന്നിവ ശീലിച്ചു.അച്ഛന്‍ രോഗത്തെ നേരിട്ടത് ധീരമായിട്ടായിരുന്നു .
ആ കരുത്താണ് പ്രകൃതിജീവനം അച്ഛന് നൽകിയത് .
വെറുതെയിരിക്കുവാനായില്ല അച്ഛന് .
കൂടുതല്‍ ഊര്‍ജ്ജ്വസ്വലതയോടെ കര്‍മ്മ രംഗത്തേക്കിറങ്ങി.
പൊതുപ്രവര്‍ത്തനത്തില്‍ അദ്ദേഹം ഇടവേള ആഗ്രഹിച്ചിരുന്നില്ല.അസുഖം സ്ഥിരീകരിക്കുന്നതിനുമുന്‍പുള്ള അതേ മാനസികാവസ്ഥയില്‍ത്തന്നെ പുതിയ പ്രതിസന്ധിയേയും അദ്ദേഹം നേരിട്ടു.കുടുംബവും ഒററക്കെട്ടായി എല്ലാ പിന്തുണയും നല്‍കി.
വിളയൂരിലെ ഏതു പരിപാടിയിലെയും നിറസാന്നിധ്യമായിരുന്നു അച്ഛന്‍.പൊതുചടങ്ങുകള്‍,വിവാഹം,ആഘോഷ പരിപാടികള്‍ ഒന്നിലും മുടക്കം വരുത്താതെ അദ്ദേഹം യാത്ര തുടര്‍ന്നു.വാക്കുകളിലും സംസാരത്തിലും കൂടുതല്‍ കരുത്തനായി.ഒരു രോഗത്തെ നേരിടേണ്ടതേതുവിധമെന്ന് പലരെയും പറഞ്ഞു പഠിപ്പിച്ചു.
കഴിഞ്ഞ മാര്‍ച്ച് 19 നാണ് അച്ഛന്‍റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്.
ശാരീരികാസ്വസ്ഥതകള്‍ ഒന്നിനു മീതെ ഒന്നായി പെയ്തിറങ്ങിയപ്പോഴും പിടിച്ചു നില്‍ക്കാന്‍ കഴിയുമായിരുന്നു അച്ഛന്.എന്നാല്‍ മനുഷ്യര്‍ തോറ്റു പോകുന്ന ചില ഘട്ടങ്ങളുണ്ട്.അന്നു രാവിലെ തളര്‍ന്നു വീണ അച്ഛനെ ഉടന്‍ '
ഇ എം എസ് ആസ്പത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാരുടെ പരിധിക്കപ്പുറമായിരുന്നു കാര്യങ്ങള്‍.അച്ഛനെ തിരിച്ചു കിട്ടാനുള്ള എല്ലാ വഴികളും അന്വേഷിച്ചു. രണ്ടു മാസം ആസ്പത്രിയില്‍ത്തന്നെ തുടരേണ്ടി വന്നു.
പെരിന്തൽമണ്ണ ഇ എം എസ് ആസ്പത്രിയില്‍ അച്ഛന് മികച്ച ചികില്‍സയാണ് കിട്ടിയത്.
എന്റെ ജീവിതത്തില്‍ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലമായിരുന്നു കഴിഞ്ഞ മൂന്നുമാസം.അതില്‍ രണ്ടു മാസം ആസ്പത്രിവാസം.പിന്നെ ഒരു മാസം വീട്ടിലും. അച്ഛൻ ബോധരഹിതനായി കിടന്ന ആ വേളയിലൊക്കെത്തന്നെ ശുശ്രൂഷയിലും പരിചരണത്തിലും പിന്തുണ നല്‍കി കുടുംബത്തോടൊപ്പം നിന്നവര്‍ ഒരുപാടുപേരുണ്ട്.ആസ്പത്രിയില്‍ അച്ഛനെ സന്ദര്‍ശിക്കാനെത്തിയവര്‍ ഏറെയാണ്.സമൂഹത്തിന്‍റെ സമസ്ത മേഖലകളിലുള്ളവരും ആസ്പത്രിയിലെത്തിയിരുന്നു.ആവരുടെ ആശ്വാസ വചനങ്ങള്‍ ഞങ്ങള്‍ക്ക് കരുത്തായി.
അച്ചൻ മരിച്ച ദിവസം എന്റെ വീട്ടിൽ എത്തിച്ചേർന്ന നിരവധി മനുഷ്യരുണ്ട്. ആ മുഖം അവസാനമായൊന്ന് കാണാൻ ആഗ്രഹിച്ചവർ. വിങ്ങിപ്പൊട്ടിയ ഹൃദയവുമായാണ് അവരൊക്കെ എത്തിയത്.
മരണം സംഭവിച്ചത് രാവിലെ 10.30 ഓടു കൂടിയായിരുന്നു. ഞൊടിയിടയിൽ സംസ്കാരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും വരുത്തി. ദൂരദിക്കുകളിൽ നിന്നും ഒട്ടേറെപ്പേർ കുറഞ്ഞ സമയം കൊണ്ട് എത്തിച്ചേർന്നു.
പേരെടുത്തു പറഞ്ഞാൽ വിട്ടുപോകുമെന്ന സന്ദേഹത്താൽ അതിന് മുതിരുന്നില്ല.
പാർട്ടിയുടെ സമുന്നതരായ നേതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ ഏകോപന സമിതിയുടെ സംസ്ഥാന ഭാരവാഹികൾ പാലക്കാട് ജില്ലാ യൂനിറ്റ് നേതാക്കൾ ,വ്യാപാര പ്രമുഖർ ,പോലീസ് സേനാംഗങ്ങൾ,വിവിധ സർക്കാർ ഉദ്യോഗസ്ഥർ , EMS ഹോസ്പിറ്റലിലെ ഡോക്ടർമാർ,ആരോഗ്യ പ്രവർത്തകർ, മാനേജ്മെൻറ് & അഡ്മിൻ, വിളയൂർ പി എച്ച് സിയിലെ സിദ്ധീഖ് ഡോക്ടർ, സഹപ്രവർത്തകർ, പാലിയേറ്റീവ് അംഗങ്ങൾ, നക്ഷത്രയിലെയും K.K.&Co യിലെയും ജീവനക്കാർ,മതസാമുദായിക രംഗത്തെ പ്രഗത്ഭർ താങ്ങും തണലുമായി നിന്ന എന്റെ കുടുംബാംഗങ്ങൾ,ബന്ധുക്കൾ,സുഹൃത്തുക്കൾ പിന്നെ എല്ലാം ഏറ്റെടുത്ത് നേതൃത്വം നൽകിയ വിളയൂരിലെയും പട്ടാമ്പിയിലെയും പാർട്ടി നേതാക്കൾ ,ഏകോപന സമിതി നേതാക്കൾ ..
എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്.സ്നേഹമുണ്ട്.പറഞ്ഞറിയിക്കാനാവാത്ത കടപ്പാടുണ്ട്.കരം പിടിച്ച് ആശ്വസിപ്പിച്ചതിനും ഒപ്പം നിന്നതിനും.
ഇതിനൊന്നും നന്ദിവാക്കുകള്‍ പറയരുതെന്നാണ് എങ്കിലും ഔപചാരികതക്കു വേണ്ടി കുറിക്കുകയാണ്.
ഇനിയൊരിക്കലും അച്ഛന്‍ തിരിച്ചു വരില്ലെന്നറിയാം.ആ സത്യം ഉള്‍ക്കൊള്ളുക എന്നതാണ് ഇനി അവശേഷിക്കുന്നത്.
ഒരു പാട് നന്ദി
ഞങ്ങളോടൊപ്പം നിന്നതിന്.
❤️❤️❤️❤️❤️
Babu Kottayil