29/11/2022
തിരുവനന്തപുരം - പൊന്‍മുടി റോഡ്
തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് പൊന്‍മുടി. നെടുമങ്ങാട് താലൂക്കില്‍ വാമനപുരം നിയോജക മണ്ഡലത്തില്‍ വനമേഖലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 3600 feet (1100 m) അടി ഉയരത്തില്‍ മലനിരകളാല്‍ മനോഹരമായ ഈ ഭൂപ്രദേശം സ്ഥിതി ചെയ്യുന്നു. ഇവിടത്തെ ജനങ്ങളുടെ ഉപജീവനം പ്രധാനമായും തേയില തോട്ടങ്ങളെയും ടൂറിസത്തെയും ആശ്രയിച്ചാണ് നടക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും പൊന്‍മുടിയിലേയ്ക്കുള്ള റോഡിന് കേടുപാടുകള്‍ സംഭവിച്ചു. ആയതിനാല്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ (RKI) ഉള്‍പ്പെടുത്തി ഈ റോഡ് ജര്‍മന്‍ ബാങ്കിന്‍റെ ധനസഹായത്തോടെ പഴകുറ്റി മുതല്‍ പൊന്‍മുടിവരെ പുനരുദ്ധാരണം ചെയ്യാന്‍ ബഹു. കേരള സര്‍ക്കാര്‍ തീരുമാനിക്കുകയും തുക വകയിരുത്തുകയും ചെയ്തു. ഈ റോഡില്‍ ഇരുതലമൂല മുതല്‍ വിതുര കലുങ്ക് ജംഗ്ഷന്‍ വരെ (3.8 കി.മീ) ഹില്‍ ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണം നടപ്പിലാക്കിയിട്ടുള്ളതിനാല്‍ ഈ ഭാഗം (RKI) പ്രോജക്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ റോഡിന്‍റെ 20.45 കി.മീ ദൂരം 22 ഹെയര്‍പിന്‍ വളവുകളോടുകൂടിയ ഹില്‍ പോര്‍ഷന്‍ ആണ്. ആറ് ചെറുപാലങ്ങളും നിരവധി കലുങ്കുകളും ഉള്ള ഈ റോഡ് പൂര്‍ത്തീകരിക്കുമ്പോൾ ആകെ വീതി ആദ്യത്തെ 21.03 കി.മീ ദൂരം 13 മുതല്‍ 15 മീ വരെയും 5 കി.മീ ദൂരം ശരാശരി 7 മീ വീതിയും, 15.60 കി.മീ ശരാശരി 5.5 മീ വീതിയും ആകും.
പ്രസ്തുത പ്രോജക്ട് M/s. ANTECH-PRL (JV) എന്ന കമ്പനി 167.695 കോടി രൂപയ്ക്ക് കെ.എസ്.റ്റി.പിയുമായി കരാർ ഉടമ്പടി വച്ച് 08.12.2021 മുതല്‍ പ്രവൃത്തി ആരംഭിച്ചിട്ടുള്ളതാണ്. 2023 ഡിസംബര്‍ മാസം കരാര്‍ അവസാനിക്കും. അഞ്ച് വര്‍ഷം പരിപാലന കാലാവധിയുണ്ട്. M/s. SAI-ORION എന്ന കമ്പനിയ്ക്കാണ് ഈ പ്രവൃത്തിയുടെ മേല്‍നോട്ട ചുമതല. നെടുമങ്ങാട്, അരുവിക്കര, വാമനപുരം എന്നീ നിയോജക മണ്ഡലങ്ങളിലൂടെയാണ് ടി റോഡ് കടന്നു പോകുന്നത്. നിര്‍മ്മാണം ആരംഭിച്ചതിനു ശേഷവും പല ഭാഗങ്ങളിലും കനത്തമഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടാവുകയും വളരെ വേഗത്തില്‍ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരികയും ചെയ്യുന്നുണ്ട്.
പാലങ്ങളുടെയും, കലുങ്കുകളുടേയും പുനരുദ്ധാരണം, സംരക്ഷണ ഭിത്തികളുടേയും ഓടകളുടേയും നിര്‍മ്മാണം റോഡ് വീതികൂട്ടല്‍, ആവശ്യമായ ഭാഗങ്ങളിൽ DBM പ്രവൃത്തികള്‍, BC ഓവര്‍ലേ എന്നിവയ്ക്ക് പുറമേ ട്രാഫിക് സുരക്ഷാ ബോര്‍ഡുകള്‍, സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, ജംഗ്ഷന്‍ ഡവലപ്മെന്‍റ്, ബസ് കാത്തിരുപ്പ് കേന്ദ്രങ്ങള്‍ എന്നിവയും ഈ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികളുടെ സുഗമമായ യാത്രാസൗകര്യം ഉണ്ടാകുന്നതിനോടൊപ്പം നിരവധി വിനോദ സഞ്ചാരികള്‍ പൊന്‍മുടിയിലേയ്ക്ക് ആകര്‍ഷിക്കപ്പെടുകയും ടൂറിസം മേഖലയ്ക്ക് മുതല്‍കൂട്ട് ആവുകയും ടൂറിസത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവര്‍ക്ക് പ്രയോജനപ്രദമാകുകയും ചെയ്യുന്നതാണ്
PWD Thiruvananthapuram